കേരളം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറേയറ്റത്ത്‌ അറബിക്കടലിനും സഹ്യപര്‍വ്വതത്തിനുമിടയില്‍ ഒരു പച്ചവരപോലെ നീണ്ടു കിടക്കുന്ന കേരളം ഒട്ടേറെ വ്യത്യസ്‌തതകളും അപൂര്‍വ്വതകളും കൊണ്ട്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു.

പൗരാണികമായ ചരിത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശ വ്യാപാരബന്ധവും കലാസാഹിത്യരംഗങ്ങളില്‍ സുദീര്‍ഘമായ പാരമ്പര്യവും കേരളത്തിന്‌ ഉണ്ട്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള കേരളം സാമൂഹിക നീതി, സ്‌ത്രീ പുരുഷ സമത്വം, ആരോഗ്യനിലവാരം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും മുന്നില്‍ തന്നെയാണ്‌.

അനുഗൃഹീതമായ പ്രകൃതിയും ജലസമൃദ്ധിയുമുള്ള കേരളത്തെ മഴയുടെ സ്വന്തം നാട്‌ എന്നും വിശേഷിപ്പിക്കാം. തകര്‍ത്തുപെയ്യുന്ന ഇടവപ്പാതി, തുലാവര്‍ഷം എന്നീ മഴക്കാലങ്ങളാണ്‌ കേരളത്തിന്റെ ജീവനാഡികള്‍.

മതസാഹോദര്യത്തിന്റെ ഇടമായ കേരളത്തിലൂടെയാണ്‌ ക്രിസ്‌തുമതവും ഇസ്‌ളാംമതവും ഇന്ത്യയിലേക്ക്‌ എത്തിയത്‌. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്‌തവ ദേവാലയവും, മുസ്‌ളീം ദേവാലയവും കേരളത്തിലെ കൊടുങ്ങല്ലൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ കേരളം. സുഗന്ധദ്രവ്യങ്ങള്‍ തേടിയാണ്‌ വിദേശികളായ കച്ചവടക്കാര്‍ കേരളത്തില്‍ എത്തുന്നത്‌. പിന്നീട്‌ യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ എത്തിയതും ഇതേ പാതയിലൂടെ ആയിരുന്നു.

വ്യത്യസ്‌തമായ ഈ നാടിന്റെ ചരിത്രത്തിലൂടെയും, സംസ്‌കാരത്തിലൂടെയും നമുക്ക്‌ ഒരു യാത്ര പോകാം. ഇത്‌ നിറങ്ങളുടെയും രുചികളുടെയും ഈണങ്ങളുടെയും യാത്രയാണ്‌. സ്വന്തം ദേശത്തെ അറിയാനുള്ള യാത്ര

സാംസ്‌കാരിക വാർത്തകൾ